Arulmigu Meenakshi Sundareswaramudayanainar Thirukkovil
Location Map
His Highness The Great Maharajas worshipped
മീനാക്ഷി സുന്ദരേശ്വരർ പറകോടി കണ്ഠൻ ശാസ്താ തിരുക്കോവിൽ
அருள்மிகு மீனாட்சி சுந்தரேஸ்வரர் பரகோடி கண்டன்சாஸ்தா திருக்கோவில்
കന്യാകുമാരി ജില്ലയിലെ തോവാള താലൂക്കിൽ ആറൽവായ്മൊഴി ടൗണിൽ വടക്കൂരിലാണ് മീനാക്ഷി സുന്ദരേശ്വര ക്ഷേത്രം (മേജർ ക്ഷേത്രം) സ്ഥിതി ചെയ്യുന്നത്. പാർവതി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഈ ഹൈന്ദവ ആരാധനാലയം ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തിന് പേരുകേട്ടതാണ്. മധുരയിലെ മീനാക്ഷിയമ്മൻ ക്ഷേത്രം കഴിഞ്ഞാൽ ഏറ്റവും പ്രബലമായ മീനാക്ഷി അമ്മൻ ക്ഷേത്രമാണിത്.
ക്ഷേത്രത്തിനുള്ളിലെ തൂണുകളിലും ചുവരുകളിലും മീൻ രൂപങ്ങൾ കൊത്തിയിട്ടുണ്ട്, ഇത് പാണ്ഡ്യന്മാരാണ് ക്ഷേത്രം നിർമ്മിച്ചതെന്ന് സൂചിപ്പിക്കുന്നു. (പാണ്ഡ്യരാജവംശത്തിന്റെ രാജമുദ്ര ഇരട്ടമൽസ്യം ആയിരുന്നു. ഈ രാജകീയ ചിഹ്നം അവർ പണി കഴിപ്പിച്ച ക്ഷേത്രങ്ങളിലും മഠങ്ങളിലും കൽമണ്ഡപങ്ങളിലുമെല്ലാം ഉപയോഗിച്ചിരുന്നു. പാണ്ഡ്യരുടെ ഭരണത്തിൻ കീഴിലായിരുന്ന കന്യാകുമാരി ജില്ലയിലെ നിരവധി അമ്പലങ്ങളിലും വഴിയമ്പലങ്ങളിലും ഈ ചിഹ്നം കാണാം. ഒറ്റ മീനോ, അല്ലെങ്കിൽ പരസ്‌പരം അഭിമുഖമായി കാണുന്ന രണ്ടു മീനുകളോ ആയിട്ട് ഇവ കാണാം.)
പ്രതിഷ്ഠകൾ
പറകോടി കണ്ഠൻ ശാസ്താവാണ് മൂലമൂർത്തി. കന്നി വിനായകർ, മീനാക്ഷി അമ്മൻ, ചിദംബരേശ്വരർ, മുരുകൻ, ചാമുണ്ഡേശ്വരർ, നവഗ്രഹങ്ങൾ എന്നിവയും ക്ഷേത്രത്തിലുണ്ട്. ശാസ്‌താവിനും മീനാക്ഷിയമ്മനും രണ്ടു കൊടിമരങ്ങൾ ഈ ക്ഷേത്രത്തിൽ കാണാം. വിശാലമായ ഈ ക്ഷേത്രത്തിനു ഒരു ദർഭക്കുളവുമുണ്ട്. ശ്രീ ചിത്തിര തിരുനാൾ മഹാരാജാവിന്റെ പ്രതിമ കൊത്തിയിരിക്കുന്ന ഏക ക്ഷേത്രമായിരിക്കാം ഇത്. ക്ഷേത്രത്തിനുള്ളിലെ തൂണുകളിലൊന്നിൽ ഈ കൽശിൽപം കാണാം* (ഇന്നലത്തെ പോസ്റ്റ് കാണുക).
ഐതിഹ്യം
പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ എഴുതപ്പെട്ട തലപുരാണങ്ങളിൽ ഇവിടുത്തെ ശാസ്താവ് സ്വയംഭൂവായി ഉത്ഭവിച്ചതായി പറയുന്നുണ്ട്. പണ്ട് തൊണ്ടിമാൻ പറവർ എന്നൊരു സമൂഹം ഈ പ്രദേശത്ത് താമസിച്ചിരുന്നുവത്രെ. ഒരിക്കൽ അവർ വേട്ടയാടാൻ പോയപ്പോൾ ഒരു മുയൽ കുറ്റിച്ചെടികൾക്കിടയിൽ ഓടിക്കയറി. നായാട്ടിനായുള്ള കുന്തം കൊണ്ട് കുത്തിയപ്പോൾ ചോര കണ്ടു അവർ നോക്കിയപ്പോഴാണ് ശാസ്‌താവിന്റെ വിഗ്രഹം കണ്ടെത്തിയത് എന്ന് പറയപ്പെടുന്നു. അന്നുമുതൽ അവർ പറകോടി കണ്ഠൻ ശാസ്താവ് എന്ന് വിളിക്കാൻ തുടങ്ങി.
തയ്യാറാക്കിയത്: ചരിത്രപ്പെരുമ
ക്ഷേത്രത്തിന്റെ ഐതിഹ്യത്തിൽ ശാസ്താവിനെയും മീനാക്ഷിയെയും പരാമർശിക്കുന്നു. മുകിലരുടെ പടയോട്ട കാലത്ത്, പാണ്ഡ്യരാജാവ് തന്റെ ദേവതയായ മീനാക്ഷിയെ ഇവിടെ കൊണ്ടുവന്ന്, ശാസ്താവ് ഉണ്ടായിരുന്ന സ്ഥലത്ത് പ്രതിഷ്ഠ നടത്തി പൂജിച്ചതായി പറയപ്പെടുന്നു. മധുരയിൽ ഒരു മാതൃക (dummy) രൂപവും പ്രധാന വിഗ്രഹം ഇവിടെയുമായി വളരെക്കാലം സൂക്ഷിച്ചിരുന്നുവത്രേ. മധുരയിലേക്ക് സ്വർണവിഗ്രഹം തിരിച്ചുകൊണ്ടുപോകുന്നത് വരെ 200 വർഷത്തോളം ദേവി ഇവിടെ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. (മധുര മീനാക്ഷി ക്ഷേത്രം തന്നെ വർഷങ്ങളോളം മണ്ണിനടിയിൽ മറഞ്ഞിരുന്നു, നായ്ക്കന്മാർ പുതുക്കി നിർമ്മിക്കുന്നതുവരെ). മീനാക്ഷി ദേവിയുടെ പ്രതിമ സ്ഥാപിച്ച സ്ഥലം പിന്നീട് ക്ഷേത്രമായി മാറിയെന്നും പറയപ്പെടുന്നു.
ഉത്സവങ്ങൾ
ക്ഷേത്രത്തിൽ പ്രധാനപ്പെട്ടത് മൂന്ന് ഉത്സവങ്ങളാണ് – പങ്കുനി മാസത്തിലെ 10 ദിവസത്തെ ഉത്സവം, ചിത്തിര മാസത്തിലെ 4 ദിവസത്തെ തിരുക്കല്യാണ വിഴാ, തമ്പുരാൻവിളയാട്ട് എന്നിവ. ഈ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന പ്രസിദ്ധമായ ഉത്സവമാണ് ‘തമ്പുരാൻ കൊടൈ വിഴാ’. ഇത് കൂടാതെ കാർത്തികൈ ശൂരസംഹാരം, കാർത്തികദീപം, അൽപ്പശി പൗർണമി എന്നിവയും നടത്തപ്പെടുന്നു. സമീപ നഗരങ്ങളിൽ നിന്നുള്ള ആളുകൾ ഈ ഉത്സവങ്ങളിൽ പങ്കെടുക്കുന്നു.
പങ്കുനി ഉത്രം ഉത്സവം വളരെ ആവേശത്തോടെയാണ് ഇവിടെ നടക്കുന്നത്. ഉത്സവത്തിന് മുന്നോടിയായുള്ള ഗണപതിഹോമം, വിശേഷാൽ അഭിഷേകങ്ങൾ നടക്കുന്നു. കൊടിയേറ്റത്തോടെയാണ് ഉത്സവം തുടങ്ങുന്നത്. രണ്ടും മൂന്നും ദിവസത്തെ ആഘോഷങ്ങൾ രാവിലെ 5.30 നും രാത്രി 10 നും വിശേഷാൽ അഭിഷേകങ്ങളോടെ നടക്കുന്നു. ശാസ്താവിന്റെയും അംമ്പാൾ ഭവാനിയുടെയും വാഹനങ്ങളിൽ നഗരപ്രദക്ഷിണം (സ്വാമി വീഥിഉലാ) നടക്കും. വൈകിട്ട് 7ന് സംഗീത-സാംസ്‌കാരിക കച്ചേരി എന്നിവയും നടക്കും. എട്ടാം ദിവസം പുലർച്ചെ അഞ്ചിന് നടരാജർ, ചിദംബരേശ്വരർ ഭവാനി എഴുന്നള്ളത്ത്, എട്ടിന് ശാസ്താവിനെയും അംബാളിന്റെയും എഴുന്നള്ളത്ത്. ഒൻപതാം നാൾ രാവിലെ 9-ന് വിശേഷാൽ അഭിഷേകം, 11-ന് മാടൻ തമ്പുരാൻ സ്വാമിക്ക് വിശേഷാൽ അഭിഷേകം, വൈകീട്ട് 5-ന് ആയോധനകലാ പരിശീലന സ്‌കൂളിന്റെ കളരി, ചിലമ്പം എന്നിവ നടക്കും. അന്നദാനം പതിവായി നടക്കുന്നു. പത്താം നാൾ രാവിലെ എട്ടിനും രാത്രി എട്ടിനും ശാസ്താവിനും അമ്പാളിനും എഴുന്നള്ളത്ത്, രാത്രി ഏഴിന് നാട്യാഞ്ജലി.
2012-ൽ മഹാകുംഭാഭിഷേകം നടന്നു. യക്ഷാലപൂജ, പൂർണാഹുതി, ദീപാരാധന എന്നിവയുണ്ടായിരുന്നു. രാവിലെ അഞ്ചിനും വൈകീട്ട് അഞ്ചിനുമാണ് എല്ലാദിവസവും ക്ഷേത്രനട തുറക്കൽ, രാവിലെ 6.30 നു ഉഷപൂജ, വൈകിട്ട് 6.30-ന് ദീപാരാധന, എട്ടിന് അത്താഴപൂജ എന്നീ പൂജകൾക്കൊപ്പം മറ്റ് പൂജകളും ദിവസേന നടത്തുന്നു.
എത്തിച്ചേരാൻ
നാഗർകോവിൽ മുതൽ തിരുനെൽവേലി (നെല്ലൈ) വരെയുള്ള ദേശീയ പാതയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നാഗർകോവിലിൽ നിന്ന് 18 കിലോമീറ്ററും തിരുവനന്തപുരത്ത് നിന്ന് 90 കിലോമീറ്ററും ദൂരമുണ്ട്.
ലേഖനം തയ്യാറാക്കിയത്: ചരിത്രപ്പെരുമ | 24 ഡിസംബർ 2021
വിവരങ്ങൾക്കും ചിത്രങ്ങൾക്കും നന്ദി: നമ്മുടെ വിലപ്പെട്ട മെമ്പർ ഡോ. രാധാകൃഷ്‌ണൻ അയ്യപ്പൻ പിള്ള,
ചിത്രങ്ങൾ © 490kdb temples പേജ്.
തയ്യാറാക്കിയത്: ചരിത്രപ്പെരുമ Smt.Deepa Perumal.

You must be logged in to post a comment.